കോട്ടയം: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമായി അണിചേരാൻ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എംജിഒസിഎസ്എം) കേന്ദ്രസമിതി തീരുമാനിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥിപ്രസ്ഥാനം പ്രവർത്തകർ 'തുഫാൻ വാരിയേഴ്സ്' ആകാനുള്ള സന്നദ്ധത അറിയിച്ചു. സഭയിലെ വിവിധ ഭദ്രാസനങ്ങൾ, ഇടവകകൾ, എംജിഒസിഎസ്എം യൂണിറ്റുകൾ, സ്കൂൾ-കോളേജ് ക്യാമ്പസുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക വിദ്യാർത്ഥി സ്‌ക്വാഡുകൾ രൂപീകരിച്ച് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. യുവജനങ്ങളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലഹരിമുക്ത സമൂഹനിർമാണത്തിനുമായി വിപുലമായ പരിപാടികൾ നടപ്പാക്കാനും തീരുമാനമായി.ഇതിന്റെ ഭാഗമായി ബോധവൽക്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ, വ്യക്തിയുടെയും സമൂഹത്തിന്റെയും നവജീവനം എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകും. വിദ്യാർഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ.ഡോ.വിവേക് വർഗീസ്, കേന്ദ്ര ട്രഷറർ ഷിബു പി. എബ്രഹാം, ഡോ. ജേക്കബ് ജോൺ, പ്രിയ ജേക്കബ്, റിയ മേരി റേയ്,നോയൽ കെ. ജോസഫ്, റെമിൽ റെജി, സജിത റെജി എന്നിവർ പ്രസംഗിച്ചു.








